![]() |
| HB Baselios Paulose II Catholicose of the East ( ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ) +1996 |
പുണ്യശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ :
[ഏ. ഡി. 1914 - 1996]
ചെറായി സെയിന്റ് മേരീസ് പള്ളി ഇടവകയിൽപ്പെട്ട പുതുശ്ശേരിൽ ബഹു. പി. പി. ജോസഫ് കശീശയുടെയും വടക്കൻ പറവൂർ ഈരാളിൽ എലിസബത്ത് തോമസിന്റെയും മകനായി പൗലോസ് 1914 ജൂണ് 12 - ആം തീയതി ജനിച്ചു. മൂന്നാമത്തെ മകനായ പൗലോസിന് മൂന്നു സഹോദരന്മാരും നാല് സഹോദരികളുമുണ്ടായിരുന്നു. വൈദികനായ പിതാവിന്റെ പ്രാർത്ഥനയും ആരാധനയും സുറിയാനി ഭാഷയിലുള്ള അവഗാഹവും പരി. അന്ത്യോഖ്യാ സിംഹാസന പ്രതിനിധികളായിരുന്ന പരി. ഒസ്താത്തിയോസ് സ്ലീബാ, പുണ്യവാനായ മോർ യൂലിയോസ് ഏലിയാസ് എന്നീ പിതാക്കന്മാരോടുള്ള സ്നേഹവും അടുപ്പവും പൗലോസിനെ വളരെയേറെ ആകർഷിച്ചു. ജോസഫ് കശീശ ശെമ്മാശനായിരുന്നപ്പോൾ പല സുറിയാനി പുസ്തകങ്ങളും മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. പരി. ഒസ്താത്തിയോസ് സ്ലീബാ ബാവായുടെയും ഭാഗ്യസ്മരണാർഹനായ പുലിക്കോട്ടിൽ ദീവന്നാസിയോസ് ജോസഫ് മെത്രാപ്പോലീത്തായുടെയും സെക്രട്ടറി എന്ന നിലയിലും ബഹു. ജോസഫ് കശീശ പ്രവർത്തിച്ചിട്ടുണ്ട്. പൗലോസിന്റെ ബാല്യത്തിൽ തന്റെ പിതാവിന്റെ പ്രവർത്തനങ്ങൾ അദ്ധ്യാത്മിക കാര്യങ്ങളിൽ താല്പര്യമുണ്ടാക്കുന്നതിനിടയായി.
വിദ്യാഭ്യാസം
ചെറായി രാമവർമ്മ ഹൈസ്കൂളിൽനിന്ന് പൗലോസ് സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. ബാല്യത്തിൽതന്നെ സ്വപിതാവിന്റെയും വെള്ളക്കുന്നത്ത് മത്തായി കശീശായുടെയും കീഴിൽ സുറിയാനി ഭാഷാപഠനം തുടങ്ങിയിരുന്നു. കോട്ടയം സി. എം. എസ്. കോളേജിൽനിന്നു ഇന്റർമീഡിയറ്റും, ആലുവ യു. സി. കോളേജിൽനിന്നു ബി. എ. യും പാസ്സായി. തുടർന്ന് സുറിയാനി പഠനം മഞ്ഞിനിക്കരയിൽ അബ്ദുൾ ആഹാദ് റമ്പാന്റെ (പിന്നീട് പരി. ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവ) കീഴിലായിരുന്നു.
പൗരോഹിത്യവും പ്രവർത്തനങ്ങളും
അന്ത്യോഖ്യയുടെ ഇന്ത്യയിലെ പ്രതിനിധിയായിരുന്ന പുണ്യശ്ലോകനായ മോർ യൂലിയോസ് ഏലിയാസ് ബാവാ ആലുവയിൽ വന്ന അവസരത്തിൽ പിതാവായ ജോസഫ് കശീശയോടൊപ്പം മക്കളായ പൗലോസും കുര്യാക്കോസും ബാവായെ ആലുവായിൽ ചെന്നു കണ്ടു. ആ അവസരത്തിൽ മക്കളെ ആരെയെങ്കിലും ദൈവത്തിന് സമർപ്പിച്ചിട്ടുണ്ടോ എന്ന് ബാവ ചോദിച്ചു. മൂത്ത മകനെ (കുര്യാക്കോസിനെ) കശീശ ചൂണ്ടിക്കാണിച്ചു. എന്നാൽ ഇളയ മകന്റെ തലയിൽ കൈവച്ച് ബാവാ കല്പിച്ചു. ഇവനാണ് ദൈവത്താൽ വിളിക്കപ്പെട്ടവൻ. അന്നുമുതൽ മോർ യൂലിയോസ് ബാവായ്ക്കു പൗലോസ് പ്രിയപ്പെട്ടവനായിത്തീർന്നു.
1933 - ൽ കോട്ടയം വലിയപള്ളിയിൽ വച്ച് പൗലോസിനെ (19 - ആം വയസ്സിൽ) ശെമ്മാശനാക്കി. മഞ്ഞിനിക്കര ദയറായിൽവച്ച് 1938 - ൽ (24 - ആം വയസ്സിൽ) കശീശയാക്കി. പിന്നീട് ബഹു. പി. ജെ പൗലോസച്ചൻ യൂലിയോസ് ബാവായുടെ സെക്രട്ടറിയും മഞ്ഞിനിക്കര ദയറായിലെ മല്പാനുമായി.
അന്ത്യോഖ്യയാണ് പൗരോഹിത്യത്തിന്റെ ഉറവയെന്ന് വിശ്വസിച്ചിരുന്ന ബഹു. പൗലോസച്ചനെ യൂലിയോസ് ബാവാ തന്റെ മൂത്തപുത്രനെന്ന് വിശേഷിപ്പിക്കുമായിരുന്നു. കണ്ടനാട് ഭദ്രാസനത്തിന്റെ ചുമതലകൂടി വഹിച്ചിരുന്ന മലങ്കര മെത്രാപ്പോലീത്തായായിരുന്ന (ആലുവയിലെ) പൗലോസ് മോർ അത്താനാസിയോസ് തിരുമേനിയുടെ അനാരോഗ്യത്തെത്തുടർന്ന് 1952 ഏപ്രിൽ 25 - ആം തീയതി ആലുവ തൃക്കുന്നത്തു സെമിനാരിയിൽ ചേർന്ന കണ്ടനാട് ഭദ്രസനപ്പള്ളി പ്രതിപുരുഷയോഗം ബഹു. പി. ജെ. പൗലോസച്ചനെ മെത്രാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. നിയുക്ത മെത്രാൻ തന്റെ ഗുരുവായ യൂലിയോസ് ബാവായുമൊത്ത് 1952 സെപ്റ്റംബർ 11 - ആം തീയതി ഹോംസിലേക്കു പോയി. പരി. അപ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവാ പൗലോസച്ചനെ പൗലോസ് മോർ ഫീലക്സിനോസ് എന്ന നാമത്തിൽ 1952 ഒക്ടോബർ 19 - ആം തീയതി മെത്രാപ്പോലീത്തയായി വാഴിച്ചു. അഭിനവ മെത്രാപ്പോലീത്ത 1953 ജനുവരി 12 - ആം തീയതി ആലുവ തൃക്കുന്നത്ത് സെമിനാരിയിലെത്തി കണ്ടനാട് ഭദ്രാസനത്തിന്റെ ചുമതലയേറ്റു.
കണ്ടനാട് ഭദ്രാസനത്തിന്റെ ഭരണം നിർവഹിക്കുന്നതിനുവേണ്ടി പാത്രിയർക്കീസ് പക്ഷത്തിന് ആസ്ഥാനമില്ലാത്തതിനാൽ അന്ത്യോഖ്യായുടെ ഇന്ത്യയുടെ പ്രതിനിധിയായിരുന്ന പരിശുദ്ധനായ ഒസ്താത്തിയോസ് സ്ലീബാ ബാവായുടെ പേർക്ക് അയ്ക്കരനാട് പകുതിയിൽ വടയമ്പാടികരയിൽ വാളിയാൽ കുറിയാക്കോ കുരിയാക്കോ ഇഷ്ടദാനമായി കൊടുത്ത മലേക്കുരിശ് ദയറായിൽ താമസിച്ച് (1953 - 1958) ഭരണം നടത്തി.
പുണ്യശ്ലോകനായ മീഖായേൽ മോർ ദീവന്നാസിയോസ് തിരുമേനി ക്ഷീണിതനായ അവസരത്തിലും കാലംചെയ്ത ശേഷവും (1956) കോട്ടയം, കൊല്ലം ഭദ്രാസനങ്ങളുടെ ചുമതലകൂടി പൗലോസ് മോർ ഫീലക്സിനോസ് തിരുമേനി വഹിച്ചിട്ടുണ്ട്. സഭാ സമാധാനത്തെ തുടർന്ന് 1966 - 1974 കാലഘട്ടത്തിൽ പൗരസ്ത്യ ഓർത്തോഡോക്സ് സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ പ്രസിഡന്റായിരുന്നു.
സഭാ ഭിന്നതയെത്തുടർന്ന് 1975 സെപ്റ്റംബർ 7 - ആം തീയതി പരി. ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ ബാവ പൗലോസ് മോർ ഫീലക്സിനോസ് തിരുമേനിയെ ബസേലിയോസ് പൗലോസ് ദ്വിതീയൻ എന്ന പേരിൽ കിഴക്കിന്റെ കാതോലിക്കയായി വാഴിച്ചു. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ സഭാനൗകയെ രണ്ട് ദശാബ്തകാലം നയിച്ചു. കേരളത്തിലും ബാഹ്യകേരളത്തിലും നിരവധി ദൈവാലയങ്ങൾക്ക് ബാവ തറക്കല്ലിട്ടു. പൗരോഹിത്യത്തിന്റെ വിവിധ ശ്രേണിയിലുള്ളവരെ ബാവാ പട്ടംകെട്ടി. (ഈ ഗ്രന്ഥകർത്താവിന് [കോർ - എപ്പിസ്‌കോപ്പാ കെ. മാണി രാജൻ] 1978 ജൂലൈ 23 - ആം തീയതി തൃക്കോതമംഗലം മോർ ശർബീൽ ദയറാ പള്ളിയിൽവച്ച് യൗഫദ്യക്കിനൊ പട്ടം നൽകി.
അന്ത്യോഖ്യാ പ്രതിനിധിയാൽ ശെമ്മാശനായി, അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ സ്ഥാനാരോഹണത്തിന് മുഖ്യ കാർമ്മികനായി, അന്ത്യോഖ്യാ സിംഹാസനത്തിന്റെ പേരിൽ തീറെഴുതപ്പെട്ട മലേക്കുരിശ് ദയറാ പള്ളിയിൽ കബറടക്കപ്പെട്ട ബാവാ മലങ്കരസഭയ്ക്കും ആകമാന സുറിയാനി സഭയ്ക്കും അവിസ്മരണീയനാണ്.
മാതൃകകൾ
1972 മുതൽ സഭാന്തരീഷം കലുഷിതമായിരുന്നു. മലങ്കരസഭ സ്വയം ശീർഷകമല്ല എന്നും മാർ തോമാ ശ്ലീഹായുടെ പാരമ്പര്യം ബലികഴിക്കാതെ തന്നെ അന്ത്യോഖ്യാ സിംഹാസനത്തെ പൗരോഹിത്യത്തിന്റെ ഉറവയായി അംഗീകരിക്കേണ്ടതാണെന്നും ബാവാ വിശ്വസിച്ചു. 'നീ മരിക്കേണ്ടി വന്നാലും അന്ത്യോഖ്യയെ മറക്കരുതെന്ന്' തന്റെ ഗുരുവായ അന്ത്യോഖ്യാ പ്രതിനിധി മോർ യൂലിയോസ് ഏലിയാസ് ബാവാ കല്പിച്ചത് ശ്രേഷ്ഠ കാതോലിക്കാ ബാവാ മരണംവരെയും മറന്നില്ല. കേസ്സുകൾ തുടർക്കഥയാകുമ്പോൾ കേസിന്റെ വിജയവും പരാജയവും അല്ല പ്രധാനം 'സത്യവിശ്വാസവും ആചാര്യത്വവും നഷ്ടപ്പെടാതിരുന്നാൽ നാം വിജയിച്ചു' എന്ന് ബാവ വിശ്വസിച്ചു. യാമപ്രാർത്ഥനകൾ മുടക്കാതിരിക്കുക, അതിഥികളെ സൽക്കരിക്കുക തുടങ്ങിയ ബാവായുടെ അനുകരണീയ മാതൃകകൾ ജീവിതത്തിൽ പകർത്തുന്നതിന് സഭാമക്കൾക്ക് ഇടവരട്ടെ.
1996 സെപ്റ്റംബർ 1 - ആം തീയതി ഞായറാഴ്ച കാലംചെയ്ത ശ്രേഷ്ഠ ബാവായുടെ ഓർമ്മപെരുന്നാൽ സെപ്റ്റംബർ ഒന്നാം തീയതി സുറിയാനി സഭ ആചരിക്കുന്നു.
കടപ്പാട് : സുറിയാനി സഭയിലെ രക്തസാക്ഷികളും പരിശുദ്ധന്മാരും മേലദ്ധ്യക്ഷന്മാരും, വാല്യം 1
കോർ-എപ്പിസ്‌കോപ്പാ കെ. മാണി രാജൻ

No comments:
Post a Comment